
പ്രണയത്തെക്കുറിച്ചുള്ള സിനിമകള്‍ ഏറെയുണ്ടായിട്ടുണ്ട്. ചങ്ങാത്തത്തെക്കുറിച്ചുള്ള ചിത്രങ്ങളും കുറേ കണ്ടു. ഏതു പ്രണയവും സഫലമാക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നത് ചങ്ങാതിമാരാണെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടാവുമെന്നു തോന്നുന്നില്ല. ലോകത്തില്‍ മറ്റേതു ബന്ധത്തെക്കാളും ശക്തമാണ് സൗഹൃദമെന്നു തെളിയിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ പ്രണയവുമായി ബന്ധപ്പെട്ട് രൂപപ്പെടാറുണ്ട്.ചങ്ങാതിയുടെ പ്രണയസാക്ഷാത്കാരത്തിനായി സ്വന്തം ജീവനും ജീവിതവും അപകടപ്പെടുത്താന്‍ മടിക്കാത്തവരാണ് വെല്ലുവിളികളെ നേരിടാന്‍ പ്രണയികള്‍ക്ക് ധൈര്യം നല്‍കുന്നതെന്നു പറയാം. അങ്ങനെ ചങ്ങാതിമാര്‍ നിര്‍വഹിക്കുന്ന ദൗത്യത്തെക്കുറിച്ച് സാധാരണ കുടുംബസ്ഥര്‍ക്ക് വലിയ നല്ല അഭിപ്രായമൊന്നുമുണ്ടാവില്ലായിരിക്കാം. സ്വയം അപകടപ്പെടുത്തിക്കൊണ്ട് പ്രണയസാക്ഷാത്കാരം സാധ്യമാക്കിക്കൊടുക്കുന്നവരുടെ പ്രസക്തി പക്ഷേ, അതുകൊണ്ട് ചെറുതായിപ്പോകുന്നില്ല. എന്നാല്‍, ഇപ്രകാരം പ്രണയ സാഫല്യത്തിന് അവസരമൊരുക്കിക്കൊടുക്കുന്ന ചങ്ങാതിമാര്‍ക്ക് എന്താണ് തിരിച്ചു കിട്ടുന്നത്?
വിവാഹത്തിനുശേഷം ഒന്നിച്ചു ജീവിച്ചുതുടങ്ങുമ്പോള്‍ കയ്പുകളൊന്നൊന്നായി പുറത്തുവരാന്‍ തുടങ്ങുമല്ലോ. ഈ ഘട്ടമാണ് പ്രണയികള്‍ക്ക് ഏറ്റവും ദുര്‍ഘടം. പ്രണയം സത്യമാണെന്ന് ലോകത്തിനു ബോധ്യമാകണമെങ്ങില്‍, ജീവിതത്തിന്റെ ആ ഘട്ടം വിജയകരമായി തരണം ചെയ്‌തേ മതിയാകൂ. അവിടെ പരാജയപ്പെടുകയും വേര്‍പിരിയാന്‍ തീരുമാനിക്കുകയും ചെയ്യുന്നവര്‍ പ്രണയത്തെ മാത്രമല്ല, അത് സഫലമാക്കാന്‍ ജീവിതവും മനസ്സും നല്‍കിയ സ്വന്തം കൂട്ടുകാരെയും അപമാനിക്കുകയാണ്- അത്തരമൊരു വിഷയമാണ് 'നാടോടികള്‍' എന്ന തമിഴ് ചലച്ചിത്രം കൈകാര്യം ചെയ്യുന്നത്. പരസ്പരം മടുക്കുമ്പോള്‍ വേര്‍പിരിയുന്ന പ്രണയികള്‍ക്കു നേരെ കര്‍ക്കശ നിലപാടു സ്വീകരിക്കുന്ന ഈ ചിത്രത്തിന് വമ്പന്‍വരവേല്‍പ്പാണ് തമിഴ് പ്രേക്ഷകര്‍ നല്‍കിയത്. പറഞ്ഞുപഴകിയ രീതികളില്‍നിന്നു വളരെ വ്യത്യസ്തമായാണ് ഈ ചിത്രത്തിന്റെ ആവിഷ്‌കാരം.
കഥയും അതു പറയുന്ന രീതിയും വ്യത്യസ്തമാണെങ്കില്‍, സൂപ്പര്‍താരങ്ങളോ വിദേശലൊക്കേഷനുകളോ ഒന്നും വേണമെന്നില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് തനി നാടന്‍ കാഴ്ചകള്‍ മാത്രമുള്ള ഈ ചിത്രം. 'സുബ്രഹ്മണ്യപുര'ത്തിന്റെ വിജയത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് 'നാടോടിക'ളോട് പ്രേക്ഷകരുടെ പ്രതികരണം. അതിന്റെ അരങ്ങിലും അണിയറയിലുമുള്ള പലരെയും ഈ ചിത്രത്തിലും കാണാം.'സുബ്രഹ്മണ്യപുര'ത്തിലെ കുടിലനായ ചിറ്റപ്പനെ അവതരിപ്പിച്ച സമുദ്രക്കനിയാണ് 'നാടോടിക'ളുടെ സംവിധായകന്‍. നായകന്‍ എം. ശശികുമാര്‍. അദ്ദേഹവും അഭിനയത്തിനു തുടക്കം കുറിച്ചത് 'സുബ്രഹ്മണ്യപുര'ത്തില്‍ത്തന്നെ. അതിന്റെ സംവിധായകനും നിര്‍മാതാവുമെന്ന റോളും അദ്ദേഹത്തിനുതന്നെയായിരുന്നു എന്നുമോര്‍ക്കാം. ബന്ധങ്ങളാണ് ഈ സിനിമാസംഘത്തിന്റെ സ്ഥിരം വിഷയമെന്നു പറയാം.
രാജപാളയത്തിലെ മൂന്നു ചങ്ങാതിമാരുടെ സ്വച്ഛശാന്തമായ ജീവിതത്തില്‍ നിന്നാണ് ചിത്രം ചലിച്ചുതുടങ്ങുന്നത്.
ചരിത്രത്തില്‍ ബി.എ. ബിരുദം നേടി സര്‍ക്കാറുദ്യോഗത്തിനു ശ്രമിക്കുന്ന കരുണാകരന്‍( ശശികുമാര്‍), വിസ നേടി വിദേശത്തുപോകുന്നതു സ്വപ്നം കാണുന്ന പാണ്ടി (ഭരണി), സ്വന്തമായി കമ്പ്യൂട്ടര്‍ സെന്റര്‍ തുടങ്ങാന്‍ ഒരുക്കം കൂട്ടുന്ന ചന്ദ്രന്‍(വസന്ത് വിജയ്) എന്നിവരാണ് ഈ കൂട്ടുകാര്‍. കരുണാകരന്റെ സഹോദരി പവിത്ര(അഭിനയ)യും ചന്ദ്രനും പ്രണയത്തിലാണ്. കരുണാകരനെയാകട്ടെ, അമ്മാവന്റെ മകളായ നല്ലമ്മ(അനന്യ)യ്ക്ക് ജീവനാണ്. സര്‍ക്കാര്‍ജോലി നേടിയാലേ വിവാഹം നടത്തിക്കൊടുക്കൂ എന്ന അവളുടെ അച്ഛന്റെ തീരുമാനത്തോട് കരുണാകരനും യോജിപ്പാണ്. അതിന് അധികം താമസമൊന്നുമുണ്ടാവില്ലെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ചന്ദ്രന്റെയും പവിത്രയുടെയും പ്രണയം സഫലമാകാനും വലിയ തടസ്സങ്ങളൊന്നും കാണുന്നില്ല. പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചിരുന്ന പാണ്ടിക്ക് ഉടന്‍ അതു കിട്ടുമെന്ന് അന്വേഷണത്തിനു വന്ന പോലീസുകാരന്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ, എല്ലാം പ്രതീക്ഷാനിര്‍ഭരവും സന്തോഷകരവുമായി മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് കരുണാകരന്റെ സുഹൃത്ത് ശരവണന്‍ നാമക്കലില്‍ നിന്ന് എത്തുന്നത്.
അയാള്‍ പൊടുന്നനെ ആത്മഹത്യയ്ക്കു ശ്രമിക്കുമ്പോഴാണ്, ആ വരവിന്റെ ലക്ഷ്യമെന്തെന്നു വ്യക്തമാകുന്നത്. മുന്‍ എം.പി. സാംഗ്‌വിയുടെ മകനായ ശരവണന്‍ നഗരത്തിലെ വമ്പനായ പളനിവേല്‍ രാജന്റെ മകള്‍ പ്രഭയുമായി പ്രമയത്തിലാണ്. അതിന് ഇരുകുടുംബങ്ങളും എതിര്. ശരവണന് അവന്റെ അമ്മ മറ്റൊരു പെണ്ണുകണ്ടിരിക്കുന്നു. അവന് അതിഷ്ടമല്ല. പ്രണയസാഫല്യമുണ്ടാകാത്തതില്‍ നിരാശനായി ജീവിതമവസാനിപ്പിക്കാന്‍ തുനിഞ്ഞ ചങ്ങാതിയെ സഹായിക്കാന്‍ കരുണാകരന്‍ തീരുമാനിക്കുന്നു.
പ്രണയികളെ ഒന്നിപ്പിക്കാനുള്ള യാത്രയില്‍ ആ ചങ്ങാതിമാര്‍ക്ക് പല തരം അനുഭവങ്ങളുണ്ടാകുന്നു, അപ്രതീക്ഷിതമായി പലേടത്തുനിന്നും സഹായങ്ങളുണ്ടാകുന്നു. എളുപ്പമായിരുന്നില്ല പ്രഭയെ അവളുടെ അച്ഛന്റെ പിടിയില്‍ നിന്നിറക്കിക്കൊണ്ടുവന്ന് ശരവണനനൊപ്പം ചേര്‍ക്കല്‍.അവരൊന്നിക്കുന്നത് എന്തുവിലകൊടുത്തും തടയണമെന്ന വാശിയോടെ ശരവണന്റെ അമ്മയും എത്തിയിരുന്നതിനാല്‍ ദൗത്യനിര്‍വഹണം കൂടുതല്‍ ദുഷ്‌കരമായി. എന്നാല്‍, സമര്‍ഥവും സാഹസികവുമായ നീക്കങ്ങളിലൂടെ ആ പ്രണയികളെ ഒന്നിപ്പിക്കാന്‍ ചങ്ങാതിമാര്‍ക്ക് കഴിഞ്ഞു. പക്ഷേ, അതിന് നല്‍കേണ്ടിവന്ന വില സ്വന്തം ജീവിതം തന്നെയായിരുന്നു എന്നു തിരിച്ചറിയുമ്പോഴേക്കും എല്ലാം കൈവിട്ടുപോയിരുന്നു.
പ്രഭയെ കടത്തിക്കൊണ്ടുപോകുന്നതിനിടെയുണ്ടായ സംഘര്‍ത്തില്‍ കരുണാകരന് കണ്ണിനാണു പരിക്കേറ്റത്. ചെവിക്കടിയേറ്റ പാണ്ടിയുടെ കേള്‍വി പോയി. വാഹനം കയറിയിറങ്ങിയ കാലു മുറിച്ചുകളയേണ്ടിവന്നൂ ചന്ദ്രന്. പോലീസ് കേസു കൂടി വന്നതോടെ ഭാവിയിലേക്കുള്ള വഴി കൂടുതല്‍ ഇരുണ്ടതായി. ജീവിതം പടുത്തുയര്‍ത്താനാഗ്രഹിച്ചിരുന്ന ആധാരങ്ങളെല്ലാം നഷ്ടമാവുകയായിരുന്നു ആ ചങ്ങാതിമാര്‍ക്ക്.
കരുണാകരന് ഇനിയൊരിക്കലും സര്‍ക്കാര്‍ജോലി കിട്ടില്ലെന്നുറപ്പായതോടെ നല്ലമ്മയ്ക്ക് മറ്റൊരു വിവാഹത്തിന് സമ്മതം മൂളേണ്ടിവന്നു. അച്ഛന്റെ ആത്മഹത്യാഭീഷണിക്കുമുമ്പില്‍ അവള്‍ക്ക് മറ്റൊരു വഴിയുമുണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. വിസയും വിദേശജോലിയുമൊക്കെ നഷ്ടസ്വപ്നമായ പാണ്ടി വീട്ടില്‍നിന്നുതന്നെ പുറന്തള്ളപ്പെടുന്നു. ചന്ദ്രന് കമ്പ്യൂട്ടര്‍സെന്റര്‍ നടത്താന്‍ കഴിയാതെയുമായി.അങ്ങനെ, തങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ജന്മദേശത്ത് നാടോടികളെപ്പോലെയാകുന്നു മൂവര്‍സംഘം.
വ്യക്തിപരമായ നഷ്ടങ്ങള്‍ക്കിടയിലും വലിയൊരു നന്മ ചെയ്തുവെന്ന സംതൃപ്തിയുണ്ടായിരുന്നു ആ ചങ്ങാതിമാര്‍ക്ക്. എന്നാല്‍, തങ്ങള്‍ ഇത്രയൊക്കെ സഹിച്ച് ഒന്നിപ്പിച്ച പ്രണയികള്‍ ഏതാനും ദിവസത്തെ സഹശയനത്തിനുശേഷം വേര്‍പിരിഞ്ഞുവെന്ന വാര്‍ത്ത അവര്‍ക്ക് വലിയ ആഘാതമായി.പരസ്പരം മടുത്ത് പിരിഞ്ഞ പ്രണയികളുടെ ചതി അവര്‍ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു. സഹിച്ച അപമാനങ്ങള്‍ക്കും ദുരിതങ്ങള്‍ക്കുമൊക്കെ മുകളില്‍, ഈ ചതിയുടെ ഭാരം വലിയൊരു പീഡനമായി അവര്‍നുഭവപ്പെട്ടു.
എന്തുകൊണ്ടാണ് വേര്‍പിരിഞ്ഞതെന്ന ചോദ്യത്തോട് വളരെ ലാഘവത്തോടെയാണ് പ്രണയികള്‍ പ്രതികരിച്ചത്. അവരിരുവരും പുതിയ വിവാഹത്തിനൊരുങ്ങുകയാണ്. ''ഒരാളെ മടുക്കുമ്പോള്‍ മറ്റൊരാള്‍. അതും മടുക്കുമ്പോള്‍ ഇനിയൊരാള്‍.....ഇതിന്റെ പേരു ജീവിതമോ'' എന്ന കരുണാകരന്റെ ചോദ്യം പ്രേക്ഷകരുടെ ഹൃദയത്തിലേക്കാണു ചെന്നു തറയ്ക്കുന്നത്. പ്രണയവും വ്യഭിചാരവും തമ്മിലുള്ള അതിര്‍വരമ്പ് എത്രനേര്‍ത്തതാണെന്ന് അടയാളപ്പെടുത്തുന്ന മുഹൂര്‍ത്തമാണത്.
ആത്മാര്‍ഥപ്രണയികളെന്നാണ് എല്ലാവരും നടിക്കാറ്. അപ്രകാരം മേനി പറയുന്നവര്‍ക്ക് നെഞ്ചില്‍തൊട്ടുകൊണ്ട് ഒരാത്മപരിശോധന നടത്താവുന്ന സന്ദര്‍ഭം കൂടിയാണത്; പ്രണയം തന്നെയോ ഇത്, അല്ലെങ്കില്‍ വെറും വ്യഭിചാരമോ എന്ന്. ചങ്ങാത്തത്തെ ദുരുപയോഗിക്കുംമുമ്പ് അത്തരമൊരു പരിശോധന അനിവാര്യമാണെന്ന് ഉറപ്പിച്ചുപറയുന്നു ഈ ചിത്രം. ചങ്ങാതിമാരെ മാനിക്കാതെ പിരിയുന്ന മാത്രയില്‍ത്തന്നെ പ്രണയികള്‍ പിണമായി മാറുന്നുവെന്നാണ് ഇതിലെ പ്രഖ്യാപനം. അതേസമയം, ചങ്ങാതിമാരുള്ള കാലം വരെ യഥാര്‍ഥപ്രണയത്തിനു മരണമില്ലെന്നും വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെയാണ് യഥാര്‍ഥപ്രണയത്തെ ജീവനായി കാണുന്ന യുവജനം 'നാടോടിക'ളെ ഹൃദയപൂര്‍വം വരവേറ്റത്.
പറയാനുള്ള കാര്യങ്ങളെക്കുറിച്ച് തികഞ്ഞ വ്യക്തതയുള്ളൊരു സംവിധായകന്റെ കയ്യടക്കം 'നാടോടികളി'ല്‍ തെളിഞ്ഞുകാണാം. കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയവരെല്ലാം നീതി പുലര്‍ത്തിയിട്ടുണ്ടെങ്കിലും ചിത്രത്തിന്റെ നടുനായകത്വം ശശികുമാറിനു തന്നെ. അദ്ദേഹത്തിന്റെ ഭാവപ്രകാശനശൈലിയും ഭാഷണാവിഷ്‌കാരവും അസാധാരണമായ ഊര്‍ജപ്രവാഹം കൊണ്ട് മുമ്പെങ്ങും പരിചയിച്ചിട്ടില്ലാത്തൊരു ശക്തിയുള്‍ക്കൊള്ളുന്നു. നേതൃശേഷിയുടെയും കരുത്തിന്റെയും ശരീരഭാഷ 'സുബ്രഹ്മണ്യപുര'ത്തില്‍ത്തന്നെ അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, വൈകാരികസംഘര്‍ഷം മുതല്‍ ഹാസ്യം വരെ, എല്ലാം തന്റെ പക്കല്‍ ഭദ്രമാണെന്നു തെളിയിക്കാന്‍ 'നാടോടികളി'ല്‍ അദ്ദേഹത്തിനു കൂടുതല്‍ അവസരം ലഭിക്കുന്നു. നായകരുടെ പെരുമാറ്റരീതികളിലെ സാമ്പ്രദായികവഴക്കങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ അഭിനയശൈലിയാണ് അദ്ദേഹത്തിന്‍േറതെന്നതു മാത്രമല്ല സംഗതി. വര്‍ഷങ്ങളോളം വെള്ളിത്തിരയില്‍ വിളയാട്ടം നടത്തുന്ന നായകസിംഹങ്ങള്‍ക്കുള്ളതിനെക്കാള്‍ ആത്മവിശ്വാസത്തോടെ കഥാപാത്രാവിഷ്‌കാരം സാധിക്കുന്നുവെന്നതും പ്രത്യേകം പറയേണ്ടതുണ്ട്.
ഏതാനും മലയാളചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് അനന്യ എന്ന നടി.എന്നാല്‍, 'നാടോടികളി'ലെ നല്ലമ്മയെപ്പോലൊരു കഥാപാത്രത്തെ അവതരിപ്പിച്ചുകഴിഞ്ഞ ശേഷം ഇനി പഴയ മട്ടിലുള്ള വെറുമൊരു സ്ത്രീസാന്നിധ്യം മാത്രമായി സിനിമകളില്‍ തുടരാന്‍ അവര്‍ക്കു കഴിയില്ലെന്നുറപ്പ്. അഭിനയജീവിതത്തില്‍ അപൂര്‍വമായിക്കിട്ടുന്നതാണ് ഇത്തരമൊരു കഥാപാത്രമെന്ന ബോധ്യത്തോടെ നല്ലമ്മയെ അനശ്വരയാക്കുന്നതില്‍ അനന്യ വിജയിച്ചു. തമിഴില്‍ പുതിയൊരു മലയാളിപ്പെണ്‍കൊടിയുടെ ജൈത്രയാത്രയ്ക്കു തുടക്കമാവുകയാണോ എന്ന് ഇതിനു പിന്നാലെ വരുന്ന ചിത്രങ്ങളാണു തെളിയിക്കേണ്ടത്.
പവിത്രയെ അനശ്വരയാക്കിയ അഭിനയ ബധിരയും മൂകയുമാണെന്നറിയുമ്പോള്‍ എങ്ങനെയാണ് അമ്പരക്കാതിരിക്കുക? സംസാരവും കേള്‍വിയുമൊന്നുമല്ല അഭിനയമികവിന് അടിസ്ഥാനമെന്നു തെളിയിച്ച അഭിനയയ്ക്ക് ഇതിനകം മറ്റു ചിത്രങ്ങളില്‍ അവസരം ലഭിച്ചിട്ടുണ്ട്.
ഗാനങ്ങളുടെ ഉചിതോപയോഗമാണ് ശ്രദ്ധേയമായ മറ്റൊരു സംഗതി. സംഘര്‍ഷം നിറഞ്ഞ നിര്‍ണായകസന്ദര്‍ഭങ്ങള്‍ 'ശംഭോ ശിവശംഭോ' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. മറ്റുഗാനങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരിക്കുന്നു. നാടന്‍ താളങ്ങളും വേഗവുമാണ് അവയെ ആകര്‍ഷകമാക്കുന്ന ഘടകങ്ങള്‍.പ്രണയഭംഗത്തിന്റെ മുഹൂര്‍ത്തത്തില്‍ മാത്രമാണ് അതിനു പതിഞ്ഞതാളം കൈവരുന്നത്.
സാധാരണ മനുഷ്യരുടെ അതിസാധാരണജീവിതത്തില്‍ നിന്ന് വേഗമേറിയ പ്രമേയങ്ങള്‍ കണ്ടെത്തിയതും പ്രേക്ഷകരെ ഇരിപ്പിടത്തില്‍ നിന്നിളകാത്ത മട്ടിലിരുത്തി, അതു കാട്ടിക്കൊടുത്തതുമാണ് 'നാടോടികളു'ടെ വിജയത്തിന് അടിസ്ഥാനം.